Thursday, October 30, 2014

കേരള പഞ്ചായത്ത് രാജ്

കേരള പഞ്ചായത്ത് ആക്ട്, 1960
സാമൂഹ്യവികസന രംഗത്ത് കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ആസൂത്രിത വികസനം ഗ്രാമതലത്തില്‍ രൂപപ്പെടുത്തുന്നതിനും അധികാര വികേന്ദ്രീകരണം പ്രാവര്‍ത്തികമാക്കുന്നതിനും സഹായകമാകുംവിധം സംസ്ഥാന സര്‍ക്കാരുകള്‍ പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിന് നിയമനിര്‍മ്മാണം നടത്തണമെന്ന ശ്രീ. ബല്‍വന്തറായ് മേത്താ കമ്മിറ്റിയുടെയും ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായുള്ള ഭരണപരിഷ്കാര കമ്മിറ്റിയുടെയും ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഐക്യകേരളത്തിനാകമാനം ബാധകമാകുംവിധം 1960 ലെ കേരള പഞ്ചായത്ത് ആക്ട് നിര്‍മ്മിക്കുകയും 1.1.1962 മുതല്‍ പ്രാബല്യത്തോടെ അത് നിലവില്‍ വരികയും ചെയ്തത്. ഈ നിയമപ്രകാരം സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമപ്രദേശങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് അന്ന് 922 പഞ്ചായത്തുകള്‍ രൂപീകൃതമായി. ഈ പഞ്ചായത്തുകളില്‍ 1.1.1964 മുതല്‍ പ്രാബല്യത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികള്‍ അധികാരമേല്‍ക്കുകയും ചെയ്തു. ഈ നിയമം പഞ്ചായത്ത് ഭരണ സമിതികള്‍ക്ക് ഒട്ടേറെ അധികാരാവകാശങ്ങള്‍ നല്‍കുകയും ഗ്രാമഭരണത്തിന് ശോഭനമായ ഒരു അടിത്തറ പ്രദാനം ചെയ്യുകയും ചെയ്തു.
കാലാന്തരത്തില്‍ ചില പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റികളായി മാറ്റപ്പെടുകയും കുറെ വലിയ പഞ്ചായത്തുകളെ വിഭജിച്ച് പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കുകയും ചെയ്തു. 23.4.1994 ല്‍ കേരള പഞ്ചായത്ത് രാജ് നിയമം നിലവില്‍ വരുമ്പോള്‍ സംസ്ഥാനത്താകെ 991 പഞ്ചായത്തുകളാണ്‌ ഉണ്ടായിരുന്നത്. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഈ പഞ്ചായത്തുകളെ നാലായി തരംതിരിച്ചിരുന്നു. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പഞ്ചായത്തുകളുടെ റീഗ്രൂപ്പിംഗ് നടത്തണമെന്ന് വ്യവസ്ഥയുണ്ടായിരുന്നങ്കിലും 1983 ന് ശേഷം റീഗ്രൂപ്പിംഗ് നടത്തുകയുണ്ടായില്ല. നിലവിലുണ്ടായിരുന്ന 991 പഞ്ചായത്തുകളില്‍ 340 സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തുകളും 435 ഒന്നാം ഗ്രേഡ് പഞ്ചായത്തുകളും 200 രണ്ടാം ഗ്രേഡ് പഞ്ചായത്തുകളും 10 മൂന്നാം ഗ്രേഡ് പഞ്ചായത്തുകളും ആയിരുന്നു.

കേരള പഞ്ചായത്ത് രാജ് ആക്ട്, 1994
ആസൂത്രിത ഗ്രാമവികസനത്തിനും തദ്ദേശഭരണ കാര്യങ്ങളില്‍ വര്‍ദ്ധിച്ച തോതിലുള്ള ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ഉദ്ദേശിച്ചുകൊണ്ട് ഇന്ത്യന്‍ ഭരണഘടനയുടെ 73-ാം ഭേദഗതി നിയമം പാസ്സായതിനെത്തുടര്‍ന്ന് നിര്‍മ്മിക്കപ്പെട്ടതാണ് 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം. ഈ നിയമത്തിന് പ്രധാനമായി 1995-ല്‍ ചില ഭേദഗതികളും 1999-ല്‍ അധികാര വികേന്ദ്രീകരണ കമ്മിറ്റിയുടെയും ഒന്നാം സംസ്ഥാന ധനകാര്യ കമ്മീഷന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ആകെയുള്ള 285 വകുപ്പുകളില്‍ 105 ഓളം വകുപ്പുകളില്‍ സമഗ്രമായ ഭേദഗതികളും വരുത്തുകയുണ്ടായി. സര്‍ക്കാരിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേലുണ്ടായിരുന്ന ഒട്ടുമിക്ക നിയന്ത്രണങ്ങളും ഉപേക്ഷിച്ചുവെന്നതാണ് ഈ ഭേദഗതി നിയമത്തിന്റെ പ്രത്യേകത. 2000-ല്‍ പഞ്ചായത്ത് രാജ് നിയമം വീണ്ടും ഭേദഗതി ചെയ്ത് സര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്ന വാര്‍ഡ് വിഭജനം, സംവരണ നിര്‍ണ്ണയം തുടങ്ങിയ അധികാരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുകയുണ്ടായി. കൂടാതെ 35 അനുബന്ധ നിയമങ്ങളിലും ഭേദഗതി വരുത്തിക്കൊണ്ട് അധികാര വികേന്ദ്രീകരണം പൂര്‍ണ്ണമാക്കി. 2001-ല്‍ ഏഴംഗ ഓംബുഡ്സ്മാന്‍ വ്യവസ്ഥ ചെയ്തിരുന്ന നിയമം ഭേദഗതി ചെയ്ത് ഏകാംഗ ഓംബുഡ്സ്മാന് നിയമ വ്യവസ്ഥയുണ്ടാക്കി. ത്രിതല പഞ്ചായത്ത് ഭരണ സംവിധാനമാണ് ഈ നിമയത്തില്‍ വിഭാവനം ചെയ്തിട്ടുള്ളത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയാണ് മൂന്ന് ഭരണ സംവിധാനങ്ങള്‍ . മൂന്ന് ഭരണതലങ്ങളും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. ഈ നിയമത്തിലെ ഏറ്റവും സവിശേഷമായ ഒരു സംവിധാനമാണ് ഗ്രാമസഭ. ജനാധിപത്യ ഭരണക്രമത്തില്‍ സാധാരണ ജനതയ്ക്ക് ഭരണത്തില്‍ നേരിട്ട് പങ്കാളിത്തം ലഭിക്കുന്ന ഏക സംവിധാനമാണിത്.

ഗ്രാമസഭ:
ഒരു ഗ്രാമപഞ്ചായത്തിന്റെ നിയോജക മണ്ഡലം അടിസ്ഥാനമാക്കിയാണ് ഗ്രാമസഭ രൂപീകരിക്കേണ്ടത്. ആ നിയോജക മണ്ഡലത്തിലെ മുഴുവന്‍ സമ്മതിദായകരും ആ ഗ്രാമസഭയിലെ അംഗങ്ങളാണ്. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തംഗമാണ് ഗ്രാമസഭാ കണ്‍വീനര്‍ . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായിരിക്കും. വര്‍ഷത്തില്‍ 4 പ്രാവശ്യമെങ്കിലും ഗ്രാമസഭ യോഗം ചേരണം. ആകെ ഗ്രാമസഭാംഗങ്ങളുടെ 10 ശതമാനമാണ് ക്വാറം. 10 ശതമാനത്തിലധികം സമ്മിതിദായകര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ രണ്ട് സാധാരണ യോഗങ്ങള്‍ക്കിടയില്‍ ഒരു പ്രത്യേക യോഗവും ചേരേണ്ടതുണ്ട്. ഗ്രാമസഭയുടെ യോഗം 3 മാസത്തിലൊരിക്കല്‍ വിളിച്ചുകൂട്ടുന്നതില്‍ തുടര്‍ച്ചയായി രണ്ടുതവണ വീഴ്ചവരുത്തിയാല്‍ ബന്ധപ്പെട്ട അംഗത്തിന്റെ അംഗത്വം നഷ്ടമാകും. സമ്മതിദായകര്‍ക്ക് തങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധിയുമായി വര്‍ഷത്തില്‍ നാലുപ്രാവശ്യമെങ്കിലും മുഖാമുഖം സംവദിക്കാന്‍ ഗ്രാമസഭ അവസരമുണ്ടാക്കുന്നു. മുന്‍വര്‍ഷത്തെ വികസന പരിപാടികളെയും നടപ്പുവര്‍ഷത്തില്‍ ഏറ്റെടുക്കാനുദ്ദേശിക്കുന്ന വികസന പരിപാടികളെയും ഇതിനുവേണ്ടിവരുന്ന ചെലവിനെ സംബന്ധിച്ച ഒരു റിപ്പോര്‍ട്ടും മുന്‍വര്‍ഷത്തെ വാര്‍ഷികക്കണക്കുകളുടെ ഒരു സ്റ്റേറ്റ്മെന്റും ഭരണ നിര്‍വ്വഹണാധികാരസ്ഥന്റെ ഒരു റിപ്പോര്‍ട്ടും ആദ്യയോഗത്തില്‍ ഗ്രാമസഭ മുമ്പാകെ വയ്ക്കേണ്ടതാണ്. ഗ്രാമസഭകളുടെ ശുപാര്‍ശകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ത്രിതല പഞ്ചായത്തുകളും അര്‍ഹമായ പരിഗണന നല്‍കേണ്ടതാണ്. ഗ്രാമസഭകള്‍ക്ക് പ്രത്യേക ചുമതലകളും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വിവിധ ക്ഷേമപദ്ധതികള്‍ക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള ചുമതല ഗ്രാമസഭകള്‍ക്കാണ്. ഗ്രാമസഭയിലൂടെയാണ് ഗ്രാമപഞ്ചായത്തുകളുടെ പദ്ധതികള്‍ ഉരുത്തിരിയുന്നത്. പദ്ധതിയാസൂത്രണത്തിലും നിര്‍വ്വഹണത്തിലും ഗ്രാമസഭകള്‍ക്ക് നിര്‍ണ്ണായകമായ സ്ഥാനം നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതിനാല്‍ ഗ്രാമസഭകള്‍ക്ക് പഞ്ചായത്തുകളെ ഗുണകരമായും മാതൃകാപരമായും നയിക്കാന്‍ കഴിയും.

പഞ്ചായത്തുകളുടെ രൂപീകരണവും അംഗസംഖ്യയും:
പഞ്ചായത്ത് രാജ് നിയമമനുസരിച്ച് ത്രിതല പഞ്ചായത്തുകള്‍ രൂപീകരിച്ചുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്.

അംഗങ്ങളുടെയും പ്രസിഡന്റുമാരുടെയും തെരഞ്ഞെടുപ്പ്:
ത്രിതല പഞ്ചായത്തുകളിലെ അംഗങ്ങളെ സമ്മതിദായകര്‍ വോട്ടവകാശത്തിലൂടെ നേരിട്ട് തെരഞ്ഞെടുക്കുന്നു. ഇപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളില്‍ നിന്നും പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും ഭൂരിപക്ഷാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിനുമാണ് നിയമം അനുശാസിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ അതാത് ജില്ലാ പഞ്ചായത്തുകളിലും അംഗങ്ങളായിരിക്കും. എന്നാല്‍ ഇവര്‍ക്ക് പ്രസിഡന്റ്/വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലോ, അവിശ്വാസ പ്രമേയ വോട്ടെടുപ്പിലോ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

സംവരണ വ്യവസ്ഥ:
ഭരണത്തില്‍ അര്‍ഹമായ പ്രാതിനിധ്യവും സാമൂഹികനീതിയും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി വനിതകള്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കും ത്രിതല പഞ്ചായത്തുകളിലും പ്രത്യേകമായ സംവരണം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളിലെ അംഗസംഖ്യയുടെയും പ്രസിഡന്റ് പദവിയുടെയും മൂന്നിലൊന്നില്‍ കുറയാത്ത സ്ഥാനങ്ങള്‍ വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും ജനസംഖ്യാനുപാതികമായിട്ടാണ് സംവരണം ചെയ്യുന്നത്. ഇപ്രകാരം സംവരണം ചെയ്യുന്ന സ്ഥാനങ്ങളില്‍ മൂന്നിലൊന്നില്‍ കുറയാത്ത സ്ഥാനം ആ വിഭാഗങ്ങളിലെ വനിതകള്‍ക്കായി സംവരണം ചെയ്യുന്നു. സംവരണ മണ്ഡലങ്ങളും സംവരണ പഞ്ചായത്തുകളും അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ആവര്‍ത്തനക്രമമനുസരിച്ച് മാറുന്നതാണ്. ഇതിന് വ്യക്തമായ മാനദണ്ഡങ്ങളും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന് സ്വതന്ത്രച്ചുമതലയുളള ഒരു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമം വിഭാവനം ചെയ്യുന്നു. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലേക്ക് പൊതു തെരഞ്ഞെടുപ്പ് നടത്താനും അതിനുശേഷമുണ്ടാകുന്ന എല്ലാ ആകസ്മിക ഒഴിവുകളിലേക്കും മൂന്ന് മാസത്തിലൊരിക്കല്‍ തെരഞ്ഞെടുപ്പ് നടത്താനും നിയമം അനുശാസിക്കുന്നു. 1999-ലെയും 2000-ലെയും ഭേദഗതി നിയമമനുസരിച്ച് സംവരണ മണ്ഡലങ്ങളും സംവരണ പഞ്ചായത്തുകളും നിര്‍ണ്ണയിക്കുന്ന ചുമതലകളും വാര്‍ഡ് വിഭജന ചുമതലയും തെരഞ്ഞെടുപ്പ് കമ്മീഷനാണ്.

കൂറുമാറ്റം:
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളില്‍ കൂറുമാറ്റം നിരോധിക്കുന്നതിനും കൂറുമാറുന്ന അംഗങ്ങളെ തദ്ദേശഭരണ സ്ഥാപനത്തിന്റെ അംഗമായി തുടരുന്നതില്‍ നിന്നും അയോഗ്യത കല്‍പ്പിക്കുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നല്‍കുന്ന വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

അംഗങ്ങളുടെ അയോഗ്യത:
ഒരു കോടതിയോ ട്രൈബ്യൂണലോ അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തികള്‍ക്ക് തടവുശിക്ഷ വിധിച്ചിട്ടുണ്ടെങ്കില്‍ , അഴിമതിക്കുറ്റത്തിന് കുറ്റക്കാരനായി വിധിച്ചിട്ടുണ്ടെങ്കില്‍ , സ്ഥിരബുദ്ധി ഇല്ലാത്ത ആളെ സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ , വിദേശ പൌരത്വം സ്വേച്ഛയാ ആര്‍ജ്ജിച്ചിട്ടുണ്ടെങ്കില്‍ , ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ , പാപ്പരായി വിധിക്കുന്നതിന് അപേക്ഷിക്കുകയോ പാപ്പരായി വിധിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ , ഒരു കമ്പനിയിലെ ഡയറക്ടറല്ലാത്ത ഒരു ഓഹരിക്കാരന്‍ എന്ന നിലയൊഴികെ പഞ്ചായത്ത് രാജ് ആക്ടോ ബന്ധപ്പെട്ട പഞ്ചായത്തുമായി ഉണ്ടാക്കിയ ഏതെങ്കിലും കരാറിലോ അവയ്ക്കു വേണ്ടി ചെയ്യുന്ന ജോലിയിലോ അവകാശബന്ധം സ്ഥാപിച്ചാല്‍ , സര്‍ക്കാരിനു വേണ്ടിയോ ബന്ധപ്പെട്ട പഞ്ചായത്തിനു വേണ്ടിയോ പ്രതിഫലം പറ്റുന്ന അഭിഭാഷകനായി സേവനമനുഷ്ഠിച്ചാല്‍ , പഞ്ചായത്ത് പ്രദേശത്ത് താമസം അവസാനിപ്പിച്ചാല്‍ , സര്‍ക്കാരിലേക്കോ പഞ്ചായത്തിലേക്കോ കുടിശ്ശികയുണ്ടാവുകയും അതു സംബന്ധിച്ച് ബില്ലോ, നോട്ടീസോ ലഭിച്ച് അതിലെ സമയപരിധി കഴിയുകയും ചെയ്താല്‍ , പഞ്ചായത്തിന്റെ അനുമതി കൂടാതെ മൂന്ന് മാസത്തിനുള്ളില്‍ തുടര്‍ച്ചയായി മൂന്ന് പ്രാവശ്യം പഞ്ചായത്ത് കമ്മിറ്റിയിലോ, സ്റ്റാന്റിംഗ് കമ്മിറ്റിയിലോ ഹാജരാകാതിരുന്നാല്‍ , കൂറുമാറ്റം നടത്തുകയോ (നിയമമനുസരിക്കാത്ത വിധത്തില്‍ ), ഗ്രാമസഭായോഗം മൂന്ന് മാസത്തിലൊരിക്കല്‍ വിളിച്ചു കൂട്ടുന്നതില്‍ തുടര്‍ച്ചയായി രണ്ടുപ്രാവശ്യം വീഴ്ചവരുത്തുകയോ, ആസ്തിയെ സംബന്ധിച്ച പ്രസ്താവം നല്‍കാതിരിക്കുകയോ ചെയ്താല്‍ അംഗമായി തുടരുന്നതില്‍ അയോഗ്യത കല്‍പിക്കുന്നതിന് നിയമം വ്യവസ്ഥ ചെയ്യുന്നു.

അവിശ്വാസം:
പ്രസിഡന്റ്/വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെതിരായ അവിശ്വാസം, പഞ്ചായത്തിന് വിജ്ഞാപനം ചെയ്ത് അംഗങ്ങളുടെ ഭൂരിപഷ പിന്തുണയോടെ പാസ്സായാല്‍ അവരുടെ ഒദ്യോഗിക പദവി അവസാനിക്കുന്നതും അവരുടെ സ്ഥാനങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ ഒഴിഞ്ഞതായി കരുതാനും നിയമം വ്യവസ്ഥചെയ്തിട്ടുണ്ട്.സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനെതിരായിട്ടാണ് അവിശ്വാസമെങ്കില്‍ ബന്ധപ്പെട്ട സ്റാന്റിംഗ് കമ്മിറ്റിയിലെ ആകെ അംഗസംഖ്യില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണയോചെ പാസ്സായാല്‍ ചെയര്‍മാന്റെ ഒദ്യോഗിക പദവി അവസാനിക്കുന്നതും ആ സ്ഥാനം ഉടന്‍ ഒഴിഞ്ഞതായി കരുതാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ധനകാര്യ കമ്മീഷന്‍
അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പഞ്ചായത്തുകളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുന്നതിനും വിഭവ ലഭ്യത ഉറപ്പുവരുത്തുന്നതിനും ഒരു ധനകാര്യ കമ്മീഷനെ നിയമിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. കമ്മീഷനില്‍ മൂന്നില്‍ കുറയാത്ത അംഗങ്ങളാവും ഉണ്ടാവുക.
ആദ്യ ധനകാര്യ കമ്മീഷന്‍ 1994 മെയ് മാസത്തില്‍ അധികാരമേല്‍ക്കുകയും അതിന്റെ ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുയും ചെയ്തു. ആദ്യ ധനകാര്യ കമ്മീഷന്‍ സമര്‍പ്പിച്ച 69 ശുപാര്‍ശകളില്‍ 64 എണ്ണവും സര്‍ക്കാര്‍ അംഗീകരിക്കുകയും തുടര്‍നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീ പ്രഭാത് പട്നായിക് അദ്ധ്യക്ഷനായി രണ്ടാമത് ധനകാര്യ കമ്മീഷനെ 1999 മേയ് മാസത്തില്‍ നിയമിക്കുകയും അതിന്റെ ഇടക്കാല റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതിനുള്ള നടപടി തുടരുന്നു.

സ്റ്റാന്റിംഗ് കമ്മിറ്റികള്‍ :
ത്രിതല പഞ്ചായത്തുകളിലും വിവിധ ചുമതലകള്‍ക്കായി സ്റ്റാന്റിംഗ് കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. 1999-ലെ ഭേദഗതി നിയമപ്രകാരം ഗ്രാമപഞ്ചായത്തുകള്‍ക്കും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ധനകാര്യം/വികസനം/ക്ഷേമകാര്യം എന്നിങ്ങനെ മൂന്ന് വീതം സ്റ്റാന്റിംഗ് കമ്മിറ്റികളും ധനകാര്യം/വികസനം/പൊതുമരാമത്ത്/ആരോഗ്യവും വിദ്യാഭ്യാസവും/ക്ഷേമകാര്യം എന്നിങ്ങനെ ജില്ലാ പഞ്ചായത്തുകള്‍ക്ക് അഞ്ച് സ്റ്റാന്റിംഗ് കമ്മിറ്റികളുമുണ്ടാകും. ഈ നിയമവ്യവസ്ഥ പ്രകാരം ഒരു പഞ്ചായത്തിലെ എല്ലാ അംഗങ്ങളും ഏതെങ്കിലും ഒരു കമ്മിറ്റിയില്‍ അംഗമായിരിക്കും. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയര്‍മാന്‍ വൈസ് പ്രസിഡന്റായിരിക്കും. പ്രസിഡന്റ് എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റികളിലും വോട്ടവകാശമില്ലാത്ത അനൌദ്യോഗിക അംഗമായിരിക്കും. പ്രസിഡന്റ് അദ്ധ്യക്ഷനായും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ അംഗങ്ങളായും ഒരു സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കുന്നതിനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

ബഡ്ജറ്റ്:
ഓരോ പഞ്ചായത്ത് രാജ് സ്ഥാനത്തിലെയും ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റി ഓരോ വര്‍ഷവും അടുത്ത വര്‍ഷത്തേയ്ക്കുളള ബഡ്ജറ്റ് തയ്യാറാക്കി അതാത് പഞ്ചായത്ത് മുമ്പാകെ സമര്‍പ്പിക്കേണ്ടതും പഞ്ചായത്ത് യുക്തമെന്ന് തോന്നുന്ന ഭേദഗതികളോടെ ഏപ്രില്‍ ഒന്നാംതീയതിക്ക് മുമ്പ് ബഡ്ജറ്റ് പാസ്സാക്കേണ്ടതുമാണ്. ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും തയ്യാറാക്കുന്ന ബഡ്ജറ്റിന്റെ ഒരു കോപ്പി ജില്ലാപഞ്ചായത്തിന് സമര്‍പ്പിക്കാനും ജില്ലാ പഞ്ചായത്തുക‍ള്‍ അതിന്റെ ബഡിജറ്റിനോടൊപ്പം ഇവ സര്‍ക്കാരിന് സമര്‍പ്പിക്കാനും നിയമം അനുശാസിക്കുന്നു.

ആഡിറ്റ്:
പഞ്ചായത്തുകളുടെ വരവ് ചെലവ് കണക്കുകള്‍ ആഡിറ്റ് ചെയ്ത് പഞ്ചായത്തിനും സര്‍ക്കാരിനും റിപ്പോര്‍ട്ട് നല്‍കാന്‍ ലോക്കല്‍ ഫണ്ട് ഡയറക്ടറെ ചുമതലപ്പെടുത്തികൊണ്ട് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആഡിറ്റര്‍മാര്‍ക്ക് വിപുലമായ അധികാരം നിയമത്തില്‍ അനുശാസിക്കുന്നു. പഞ്ചായത്തുകളുടെ വാര്‍ഷിക വരവ് ചെലവ് കണക്കുകളുടെ റിപ്പോര്‍ട്ടിന്റെ സംക്ഷേപവും ആഡിറ്റ് റിപ്പോര്‍ട്ടും ജൂലൈ 31-ാം തീയതിക്കുമുമ്പ് സര്‍ക്കാര്‍ ഇതിലേക്കായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കാനും ഉദ്യോഗസ്ഥന്‍ ഈ റിപ്പോര്‍ട്ടുകള്‍ ഒരുമിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കാനും സര്‍ക്കാര്‍ അത് നിയമസഭ മുമ്പാകെ വയ്ക്കുന്നതിനും നിയമം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആസൂത്രണ കമ്മിറ്റി:
ഓരോ ഗ്രാമപഞ്ചായത്തും അവയുടെ അടുത്ത വര്‍ഷത്തേയ്ക്കുളള വികസന പദ്ധതികള്‍ ഗ്രാമസഭകളുടെ നിര്‍ദ്ദേശം പരിഗണിച്ചുകൊണ്ട് തയ്യാറാക്കി ജില്ലാ ആസൂത്രണസമിതിക്കും പകര്‍പ്പ് ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്തിനും നല്‍കുന്നതിനും അതിന്റെ പദ്ധതികള്‍ തയ്യാറാക്കി ജില്ലാ ആസൂത്രണ സമിതിയ്ക്കും പകര്‍പ്പ് ജില്ലാ പഞ്ചായത്തിനും നല്‍കുന്നതിനും നിയമം അനുശാസിക്കുന്നു. ജില്ലാ ആസൂത്രണ സമിതി ത്രിതല പഞ്ചായത്തുകളുടെയും പദ്ധതികള്‍ സൂക്ഷ്മ പരിശോധന നടത്തി ക്രോഡീകരിച്ചുകൊണ്ടാണ് ജില്ലാ പഞ്ചായത്തുകള്‍ തയ്യാറാക്കുന്നത്. ജില്ലാ ആസൂത്രണ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറി ജില്ലാ കളക്റ്ററുമാണ്.

ഭരണ റിപ്പോര്‍ട്ട്
ഓരോ വര്‍ഷവും അവസാനിക്കുമ്പോള്‍ ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും നിശ്ചിത തീയതിയ്ക്കുളളില്‍ അവയുടെ ഭരണ റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ പഞ്ചായത്തിന് നല്‍കേണ്ടതും ജില്ലാ പഞ്ചായത്ത് അതിന്റെ ഭരണ റിപ്പോര്‍ട്ടും ഗ്രാമ / ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണ റിപ്പോര്‍ട്ടും സര്‍ക്കാരിന് നല്‍കേണ്ടതും സര്‍ക്കാര്‍ അത് നിയമസഭയുടെ മുമ്പാകെ വയ്ക്കേണ്ടതുമാണ്.

പഞ്ചായത്തുകളുടെ ചുമതലകള്‍
ഗ്രാമപഞ്ചായത്തുകള്‍ക്ക് 1999 ലെ ഭേദഗതി നിയമമനുസരിച്ച് 27 അനിവാര്യ ചുമതലകളും 14 പൊതുവായ ചുമതലകളും മേഖലാടിസ്ഥാനത്തില്‍ 19 വകുപ്പുകളില്‍ നിന്നുമുള്ള ചുമതലകളും നിര്‍വ്വഹിക്കേണ്ടതുണ്. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് പൊതുവായ 3 ചുമതലകളും മേഖലാടിസ്ഥാനത്തില്‍ 14 വകുപ്പുകളില്‍ നിന്നുളള ചുമതലകളുമാണ് നിര്‍വഹിക്കാനുളളത്. ജില്ലാ പഞ്ചായത്തുകള്‍ക്കാകട്ടെ പൊതുവായ 3 ചുമതലകളും മേഖലാടിസ്ഥാനത്തില്‍ 16 വകുപ്പുകളില്‍ നിന്നുളള ചുമതലകളും നല്‍കിയിട്ടുണ്ട്. നേരിട്ട് നികുതി ചുമത്തുന്നതിനും പിരിക്കുന്നതിമുളള അധികാരം ഗ്രാമപഞ്ചായത്തുകള്‍ക്കു മാത്രമാണ് ഈ നിയമപ്രകാരം നല്‍കിയിട്ടുളളത്.

നിര്‍വ്വഹണാധികാരി
പഞ്ചായത്തിന്റെ നിര്‍വഹണാധികാരി പഞ്ചായത്തു പ്രസിഡന്റും മുഖ്യ നിര്‍വഹണ ഉദ്യോഗസ്ഥന്‍ സെക്രട്ടറിയുമാണ്. പഞ്ചായത്തുകള്‍ക്ക് കൈമാറ്റപ്പെട്ട വകുപ്പുകളെ സംബന്ധിച്ചിടത്തോളം അതാത് വിഭാഗത്തിലെ ഓഫീസ് മേധാവിയെ നിര്‍വഹണ ഉദ്യോഗസ്ഥനായി പഞ്ചായത്തിന് അധികാരപ്പെടുത്താവുന്നതാണ്. പഞ്ചായത്തിലെ എല്ലാവിഭാഗം ഉദ്യോഗസ്ഥന്‍മാരുടെയും നിയന്ത്രണം പഞ്ചായത്തില്‍ നിക്ഷിപ്തമാണ്. എല്ലാ ഉദ്യോഗസ്ഥരുടെയും പേരില്‍ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അധികാരവും പഞ്ചായത്തിനുണ്ട്. എന്നാല്‍ ലഘുശിക്ഷ മാത്രമേ ഇപ്രകാരം നല്‍കാന്‍ പാടുള്ളൂ. സെക്രട്ടറിയും മറ്റ് ഗസറ്റഡ് ഉദ്യോഗസ്ഥരും ഒഴികെയുള്ള ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യാനുള്ള അധികാരവും നിയമപ്രകാരം പ്രസിഡന്റിനുണ്ട്. എന്നാല്‍ ഈ നടപടി അടുത്ത കമ്മിറ്റിയില്‍ വച്ച് പഞ്ചായത്ത് അംഗീകരിക്കണം. അല്ലാത്ത പക്ഷം ആ നടപടി അസാധുവാകും.

അറിയുവാനുള്ള അവകാശം
ഭരണപരമോ, വികസനപരമോ, നിയന്ത്രണപരമോ ആയ ചുമതലകളെ സംബന്ധിക്കുന്ന ഏതെങ്കിലും വിവരം ഉത്തമ വിശ്വസത്തോടുകൂടി ആവശ്യപ്പെടുന്ന ഓരോ പൌരനും അപ്രകാരമുള്ള വിവരം നിര്‍ണ്ണയിക്കപ്പെട്ട നടപടിക്രമത്തിനനുസൃതമായി ഒരു പഞ്ചായത്തില്‍ നിന്നും ലഭിക്കുവാന്‍ അവകാശമുണ്ടായിരിക്കുന്നതാണ്.

ഓംബുഡ്സ്മാന്‍
തദ്ദേശഭരണ സ്ഥാപനങ്ങളുടെയും അതിലെ ഉദ്യോഗസ്ഥന്‍മാരുടെയും ഭരണ നിര്‍വ്വഹണത്തില്‍ അവമതിയോ, ദുര്‍ഭരണമോ അപാകതകളോ ഉള്‍പ്പെടുന്ന ഏതൊരു നടപടിയെയും സംബന്ധിച്ച ആരോപണത്തെപ്പറ്റി സൂക്ഷ്മാന്വേഷണവും പൊതുവായ അന്വേഷണവും നടത്തുന്നതിന് സംസ്ഥാനതലത്തില്‍ ഒരു ഓംബുഡ്സ്മാന്‍ രൂപീകരിക്കുന്നതിന് നിയമവ്യവസ്ഥയുണ്ട്. മുമ്പ് ഏഴംഗ ഓംബുഡ്സ്മാനാണ് നിലവിലുണ്ടായിരുന്നത്. എന്നാല്‍ നിയമ ഭേദഗതിയിലൂടെ ഏകാംഗ ഓംബുഡ്സ്മാനെ നിയമിക്കുന്നതിന് വ്യവസ്ഥ ചെയ്യുകയുണ്ടായി. ഹൈക്കോടതി ജഡ്ജിയുടെ ഉദ്യോഗം വഹിച്ചിട്ടുള്ള ഒരാളിനെ മുഖ്യമന്ത്രി നല്‍കുന്ന ഉപദേശത്തിനുമേല്‍ ഓംബുഡ്സ്മാനായി ഗവര്‍ണര്‍ നിയമിക്കുന്നതിനാണ് പുതിയ നിയമവ്യവസ്ഥ. 3 വര്‍ഷമാണ് ഓംബുഡ്സ്മാന്റെ നിയമന കാലാവധി.
ട്രൈബ്യൂണല്‍
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങള്‍ക്കെതിരായി നല്‍കുന്ന അപ്പീല്‍ , റിവിഷന്‍ എന്നിവ പരിഗണിക്കുന്നതിനും തീര്‍പ്പ് കല്‍പ്പിക്കുന്നതിനുമായി സര്‍ക്കാര്‍ ഓരോ ജില്ലയ്ക്കുവേണ്ടിയോ, ഒന്നിലധികം ജില്ലകള്‍ക്കുവേണ്ടിയോ ട്രൈബ്യൂണല്‍ രൂപീകിരിക്കുന്നതിനും നിയമം അനുശാസിക്കുന്നു. ഒരു ട്രൈബ്യൂണലില്‍ ജില്ലാ ജഡ്ജിയുടെ പദവിയിലുള്ള ഒരു നീതിന്യായ വകുപ്പുദ്യോഗസ്ഥന്‍ ഉണ്ടായിരിക്കും. ട്രൈബ്യൂണലിന് ചില സംഗതികളില്‍ സിവില്‍ നിയമത്തിന്‍ കീഴില്‍ ഒരു കേസ് വിചാരണ ചെയ്യുമ്പോള്‍ ഒരു സിവില്‍ കോടതിക്കുള്ള അതേ അധികാരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ ഏതെങ്കിലും തീരുമാനത്തിന്റെ നിയമ സാധ്യതയെപ്പറ്റിയോ, നിലനില്പിനെപ്പറ്റിയോ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ഒരു പരാമര്‍ശത്തിന്മേല്‍ അതിന്റെ അഭിപ്രായം സര്‍ക്കാരിനു നല്കേണ്ടതാണ്.

പൌരാവകാശരേഖ
ഓരോ പഞ്ചായത്തും, നിര്‍ണ്ണയിക്കപ്പെട്ട രീതിയില്‍ പൌരന്മാര്‍ക്ക് പഞ്ചായത്ത് ലഭ്യമാക്കുന്ന വിവിധ ഇനം സേവനങ്ങളെയും അവയുടെ വ്യവസ്ഥകളെയും അവ ലഭ്യമാക്കുന്ന സമയപരിധിയേയും സംബന്ധിച്ച് ഒരു രൂപരേഖ തയ്യാറാക്കി പൌരാവകാശരേഖ എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തുന്നതിന് നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്.

പഞ്ചായത്ത് രാജ് ഭരണസമിതികള്‍
1995 സെപ്തംബര്‍ 23,25 തീയതികളില്‍ നടന്ന പഞ്ചായത്ത് പൊതുതെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് 990 ഗ്രാമപഞ്ചായത്തുകളിലും 152 ബ്ലോക്ക് പഞ്ചായത്തുകളിലും 14 ജില്ലാ പഞ്ചായത്തുകളിലും 30.09.95 ന് പുതിയ ഭരണസമിതിയംഗങ്ങള്‍ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു. 04.10.95 നാണ് പുതിയ പ്രസിഡന്റുമാരെയും വൈസ് പ്രസിഡന്റുമാരെയും തെരഞ്ഞെടുക്കുകയും അവര്‍ അധികാരമേല്‍ക്കുകയും ചെയ്തത്. 02.10.95 ന് പഞ്ചായത്ത് രാജ് നിയമപ്രകാരമുള്ള അധികാര കൈമാറ്റം ഔപചാരികമായി നടത്തുകയുണ്ടായി. പഞ്ചായത്തുകളുടെ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് 932 ഗ്രാമപഞ്ചായത്തുകളിലും 145 ബ്ലോക്ക് പഞ്ചായത്തുകളിലും 13 ജില്ലാ പഞ്ചായത്തുകളിലും 2000 സെപ്തംബര്‍ 23,25 തീയതികളില്‍ രണ്ടാം പൊതു തെരഞ്ഞെടുപ്പ് നടത്തകയും 30-ആം തീയതി പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കുകയും ചെയ്തു. പ്രസിഡന്റുമാരെ തെരഞ്ഞെടുത്തത് ഒക്ടോബര്‍ 5 നാണ്. അനന്തരം രണ്ടു ഘട്ടങ്ങളിലായി ബാക്കിയുള്ള ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തകളിലും ജില്ലാ പഞ്ചായത്തിലും തെരഞ്ഞെടുപ്പ് നടത്തി അംഗങ്ങളും ഭാരവാഹികളും അധികാരമേറ്റെടുത്തു.

ഗ്രാമപഞ്ചായത്തുകളുടെ റീഗ്രൂപ്പിംഗ്
ഗ്രാമപഞ്ചായത്തുകള്‍ക്ക് നാലു ഗ്രേഡുകളുണ്ട്. 339 സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തുകളും 435 ഒന്നാം ഗ്രേഡ് പഞ്ചായത്തുകളും 206 രണ്ടാം ഗ്രേഡ് പഞ്ചായത്തുകളും 10 മൂന്നാം ഗ്രേഡ് പഞ്ചായത്തകളും ഉള്‍പ്പടെയാണ് 990 ഗ്രാമപഞ്ചായത്തുകള്‍ നിലവിലുണ്ടായിരുന്നത്. 1967 ലെ കേരള പഞ്ചായത്ത് എസ്റ്റാബ്ലിഷ്മെന്റ് റൂളിലെ വ്യവസ്ഥയനുസരിച്ചാണ് പഞ്ചായത്തുകള്‍ ഗ്രേഡ് നിശ്ചയിച്ചിട്ടുള്ളത്. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പഞ്ചായത്തുകളുടെ ഗ്രേഡ് നിര്‍ണ്ണയിക്കാനാണ് വ്യവസ്ഥയെങ്കിലും 1983-ന് ശേഷം റീഗ്രൂപ്പിംഗ് നടത്തിയിട്ടില്ല. 1983-ലെ റീഗ്രൂപ്പിംഗ് അനുസരിച്ച് 1,75,000 രൂപയ്ക്ക് മുകളില്‍ സാധാരണ വരുമാനമുള്ള പഞ്ചായത്തുകള്‍ സ്പെഷ്യല്‍ ഗ്രേഡും ഒരു ലക്ഷത്തിനു മേല്‍ 1,75,000 രൂപയ്ക്ക് താഴെയുള്ള പഞ്ചായത്തുകള്‍ ഒന്നാം ഗ്രേഡും 50,000 രൂപയ്ക്ക് മേല്‍ ഒരു ലക്ഷം രൂപ വരെയുള്ള പഞ്ചായത്തുകള്‍ രണ്ടാം ഗ്രേഡും 50,000 രൂപവരെയുള്ള പഞ്ചായത്തുകള്‍ മൂന്നാം ഗ്രേഡുമാണ്. എന്നാല്‍ 2000-ല്‍ സംസ്ഥാനത്തെ 19 പഞ്ചായത്തുകള്‍ നഗരസഭകളില്‍ ലയിപ്പിക്കുകയും വലിയ പഞ്ചായത്തുകള്‍ വിഭജിച്ച് 20 പഞ്ചായത്തുകള്‍ പുതുതായി സൃഷ്ടിക്കുകയും ചെയ്തു. ഇപ്പോള്‍ സംസ്ഥാനത്താകെ 991 ഗ്രാമപഞ്ചായത്തുകളാണ് നിലവിലുള്ളത്.

പെര്‍ഫോമന്‍സ് ആഡിറ്റ്
അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് 1997-98 മുതല്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വര്‍ദ്ധിച്ച തോതില്‍ ഫണ്ട് അനുവദിച്ചതിന്റെ ഫലമായി അതി ശരിയായ രീതിയിലാണ് വിനിയോഗിക്കുകന്നത് എന്ന് ഉറപ്പുവരുത്തുന്നതിനായി ഒരു പുതിയ ആഡിറ്റ് സംവിധാനത്തിന് രൂപം നല്കുകയുണ്ടായി. മൂന്ന് മാസത്തിലൊരിക്കല്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഭരണപരവും സാമ്പത്തികവുമായ നടപടികള്‍ അവലോകനം ചെയ്ത് ശരിയായ ഭരണം ഉറപ്പുവരുത്തന്നതിനാണ് ഇതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയെ പെര്‍ഫോമന്‍സ് ആഡിറ്റ് അതോറിട്ടി ഓഫീസറായി നിയമിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റില്‍ നിന്നും പഞ്ചായത്ത്/മുനിസിപ്പല്‍ വകുപ്പുകളില്‍ നിന്നും അധിക ജീവനക്കാരെ കണ്ടെത്തിയാണ് പെര്‍ഫോമന്‍സ് ആഡിറ്റ് ടീമിനെ സംഘടിപ്പിച്ചത്. ക്രമക്കേടുകള്‍ കണ്ടുപിടിക്കുന്നതോടൊപ്പം അത്തരം ക്രമക്കേടുകള്‍ പരിഹരിക്കുന്നതിനും അവ ആവര്‍ത്തിക്കാതിരിക്കാനും നടപടി സ്വീകരിക്കുക എന്നതാണ് പെര്‍ഫോമന്‍സ് ആഡിറ്റ് കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. 1997-98 മുതല്‍ 1999-2000 വരെയുള്ള കാലയളവില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തിയ പെര്‍ഫോമന്‍സ് റിപ്പോര്‍ട്ട് ക്രോഡീകരിച്ച് പൊതുജനങ്ങളുടെ അറിവിലേക്കായി 2001 സെപ്തംബര്‍ -ഒക്ടോബര്‍ മാസങ്ങളിലായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 

No comments:

Post a Comment